Saturday, November 8, 2008

വിടരുത്‌ കൊല്ലവനെ- മറ്റൊരു ഒറീസ

"നമ്മളുടെ കൂട്ടത്തിലെ ചിലരെല്ലാം തീവ്രവാദികളാവുന്നതിൽ ഒരു അത്ഭുതവുമില്ല, കുറച്ച്‌ മുൻപ്‌ നടന്ന കൂട്ടക്കൊല! തികച്ചും പൈശാചികം സ്വന്തം വീട്ടിൽ ആരെയും ഉപദ്രവിക്കാതെ ഉറങ്ങിക്കിടന്നവരെ വരെ തെരഞ്ഞ്‌ പിടിച്ച്‌ കൊല്ലുകയായിരുന്നു. സ്ത്രീകളെയും കുട്ടികളെയും വരെ വെറുതെ വിട്ടില്ല. ദുഷ്ടന്മാർ. നീയെങ്ങനെ രക്ഷപ്പെട്ടു?"

"ഞാനിന്ന് പുറത്തിറങ്ങിയതേയില്ല ഒളിച്ച്‌ നിന്ന് എല്ലാം കാണുകയായിരുന്നു നിനക്കറിയാമോ കൊല്ലവനെ വിടരുതവനെ എന്നൊക്കെ ആക്രോശിച്ചുകൊണ്ട്‌ നമ്മുടെ ആളുകളെ കൊല്ലാൻ ചൂട്ട്‌ പിടിച്ച്‌ മുന്നിൽ നിന്നത്‌ ഒരു പെണ്ണായിരുന്നു. കാപാലിക!!"

"ഞാൻ കണ്ടിരുന്നു 'ദൈവം പോലും വിളി കേൾക്കൂല, കൃഷ്ണാ രാമാ എന്നൊക്കെ മുദ്രാവാക്യം വിളിച്ചാണ്‌ അവൾ ചൂട്ടുമെടുത്ത്‌ ഞങ്ങളുടെ പിറകേ വന്നത്‌"

"നമ്മടെ കൂട്ടത്തിൽ പെടാത്ത ചിലരെ വരെ അതിക്രൂരമായി വക വരുത്തിയിട്ടുണ്ട്‌ ചിലരെയൊക്കെ വണ്ടിയിടിപ്പിച്ചും കൊന്നിട്ടുണ്ടെന്ന് തോന്നുന്നു അവിടൊക്കെ ആകെ ചോരപ്രളയമാണ്‌"

"അതെയതെ ഇന്നത്തെ രാത്രിയ്ക്കു ചോരയുടെ ഗന്ധം മാത്രം കുറേപ്പേർ ആ പെണ്ണിനെ ആക്രമിക്കണം എന്നുപറഞ്ഞ്‌ ഇരുളിന്റെ മറവിൽ ചെന്നതാണ്‌ ക‌ണ്ണൊക്കെ ചുവന്ന ഒരു ഭീകരൻ അവൾക്കും ഞങ്ങൾക്കും ഇടയിൽ അവനെ ആക്രമിച്ചാലേ അവളെത്തൊടാൻ പറ്റൂ എന്നപോലെ നിന്നു"

"എന്നിട്ട്‌ നിങ്ങൾ എന്ത്‌ ചെയ്തു?"

"അവൻ ആദ്യം ഗാന്ധി മാർഗ്ഗത്തിലായിരുന്നു എന്ന് തോന്നിപ്പിച്ചു ഞങ്ങൾ എന്തൊക്കെ ചെയ്തിട്ടും തീരെ പ്രതികരിച്ചില്ല അതൊക്കെ തനിക്ക്‌ പുല്ല്‌ എന്ന ഭാവത്തിൽ നിന്നു അവനു ഇരുട്ടിൽ ഞങ്ങളെ തിരിച്ചറിയാനും പാടില്ലായിരുന്നു. അതൊക്കെ അവന്റെ അടവായിരുന്നു എന്ന് തോന്നുന്നു പെട്ടന്ന് വെട്ടിത്തിരിഞ്ഞ്‌ അവൻ ചൂട്ട്‌ കത്തിച്ചു കയ്യിൽ കിട്ടിയത്‌ മുഴുവൻ അവന്‌ ആയുധങ്ങളായിരുന്നു ഓടി രക്ഷപ്പെട്ടവരെയൊക്കെ പിന്നാലെ ചെന്ന് വകവരുത്തി ആകെ ഭൂതാവേശിതനെപ്പോലെയായിരുന്നു അവൻ. ആ പെണ്ണ് അപ്പോഴും കൊലച്ചിരി ചിരിച്ചുകൊണ്ടിരുന്നു. ഇവരൊക്കെ മനുഷ്യരോ മൃഗങ്ങളോ"

"അന്നന്നേയ്ക്ക്‌ വേണ്ടിയുള്ള അന്നത്തിന്‌ മാത്രം പണിയെടുത്ത്‌ ജീവിക്കുകയല്ലാതെ നമ്മൾ ഒരു ഉറുമ്പിനെപ്പോലും ദ്രോഹിക്കാറുണ്ടോ? പാവങ്ങളെ ദൈവം പോലും കൈവിട്ടോ"

"എന്തായാലും കുറച്ച്‌ പേരെ അവരെ പിന്തുടരാൻ അയച്ചിട്ടുണ്ട്‌ അവരുടെ ചോര കണ്ടേ ഞാൻ അടങ്ങുള്ളൂ"

"അയ്യോ അതെന്താ ഒരു വെളിച്ചം അവന്മാർ പിന്നേം ചോരക്കുരുതി തുടങ്ങി അതാ ആ വെളിച്ചം നമ്മെ തേടി വരുന്നു. ഓടി രക്ഷപ്പേട്ടോ...."

"അയ്യോ..... ആ.... രക്ഷിക്കണേ കൊല്ലുന്നേ"
എല്ലുകൾ നുറുങ്ങുന്നു ചോര ഛർദ്ദിക്കുന്നു

--------- നിങ്ങൾ ഇതുവരെ കേട്ടത്‌ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക്‌ ഒളിച്ച്‌ കയറിക്കൊണ്ടിരുന്ന എന്നാൽ അതിനിടെ തികച്ചും മൃഗീയവും പൈശാചികവുമായി കൊല്ലപ്പെട്ട ചില മൂട്ട തീവ്രവാദികളുടെ അന്ത്യ നിമിഷങ്ങളിലെ രോദനങ്ങൾ....

ഈ കൊലപാതക പരമ്പര നിങ്ങൾക്കായി സ്പോൺസർ ചെയ്തത്‌ ചാത്തനും വാമഭാഗവും....മൊബെയിലിൽ ടോർച്ച്‌ ലൈറ്റ്‌ ഫിറ്റ്‌ ചെയ്യാമെന്ന് കണ്ടുപിടിച്ച മഹാന്‌ നമോവാകം.

വാൽക്കഷ്ണം: ഞാൻ ലോവർ സ്ലീപ്പറുള്ള ബസ്സിലാ നാട്ടിൽ പോകാറ്‌ അപ്പർ സ്ലീപ്പറിനേക്കാൾ സുഖമാ എന്ന് പറഞ്ഞ്‌ വഞ്ചിച്ച കൊച്ചുത്രേസ്യ ഇനി മാറത്തഹള്ളി പരിസരത്ത്‌ വന്നാൽ ചാണകം കലക്കി തലേൽ ഒഴിക്കും......

ശ്രീയ്ക്ക്‌ രക്തദാനത്തിൽ താൽപര്യമുള്ള വല്ല സുഹൃത്തുക്കളും ബാക്കിയുണ്ടെങ്കിൽ സദയം ക്ഷണിക്കുന്നു. ഈ സൌജന്യം ബാംഗ്ലൂർ കണ്ണൂർ റൂട്ടിൽ മാത്രം ലഭ്യമാണ്‌.

Tuesday, January 1, 2008

2007 ലെ ബൂലോഗ താരോദയം ആര്?

ഇത് ജനപ്രിയ ചിത്രങ്ങള്‍ക്ക് പ്രത്യേക അവാര്‍ഡ് കൊടുക്കൂലെ അതുപോലെ മാത്രം..

ചാത്തന്റെ വഹ നാമ നിര്‍ദ്ദേശം ചെയ്യുന്ന പേരുകള്‍.

1) ബ്രിജ് വിഹാര്‍ മനു
കൊടകര പുരാണത്തിനും മൊത്തം ചില്ലറയ്ക്കും ശേഷം ബൂലോഗരെ തുടര്‍ച്ചയായി ചിരിപ്പിച്ചും ഇത്തിരി കണ്ണ് നനയിപ്പിച്ചോണ്ടും
നില്‍ക്കുന്ന ഈ താരമല്ലേ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഹിറ്റ് പോസ്റ്റുകള്‍ ഇട്ടത്.(ഹിറ്റല്ലാത്ത പോസ്റ്റേത്?)

2)കേരള ഹഹഹ സജീവ്
ബൂലോഗത്തെത്തിയിട്ട് 6 മാസമേ ആയുള്ളൂവെങ്കിലും 2007 പിന്‍വാങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകരെ വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടിക്കൊണ്ടിരീക്കുന്ന ബൂലോഗത്തിന്റെ ഇമ്മിണി ബല്യ കാര്‍ട്ടൂണിസ്റ്റ്.

3) കൊച്ച് ത്രേസ്യ
ആണോ പെണ്ണോ എന്ന സംശയം ആദ്യം മൊത്തം ബൂലോഗര്‍ക്കുണ്ടായിരുന്നെങ്കിലും ബൂലോഗരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച ചിന്തിപ്പിച്ച ഈ വനിതാ രത്നം(അയ്യടാ പിന്നേ വനിതാ മുക്കു പണ്ടം ;)) പെണ്ണാണെന്ന് വിചാരിച്ച് സഹതാപ വോട്ട് പാടില്ലാട്ടോ..

4) ശ്രീ
ഹൃദയത്തില്‍ നിന്ന് നേരിട്ടെഴുതുന്ന ഒട്ടനവധി പോസ്റ്റുകളും ഏത് പുതിയ പോസ്റ്റിലും എത്തി സൌഹൃദം പങ്ക് വയ്ക്കുന്ന വാക്കുകളുമായി ശ്രീ ബൂലോഗം2007 നിറഞ്ഞ് നില്‍ക്കുന്നു.




വായനക്കാര്‍ക്ക് മറ്റ് പേരുകളും കമന്റിലൂടെ നിര്‍ദ്ദേശിക്കാം... [പേര് മാത്രം പോരാ എന്ത് കൊണ്ട് എന്നും കൂടെ എഴുതണം]